2012, ജൂലൈ 29, ഞായറാഴ്‌ച

മുഖങ്ങള്‍ചിരിച്ച മുഖത്തോടെ നീ എന്നെ യാത്രയാക്കി.
വഴിത്താരകള്‍ വിജനമാണെന്നും
മുള്‍വഴികളാണ് താണ്ടേണ്ടതെന്നും
ഘോരസ൪പ്പങ്ങള്‍ പതിയിരുപ്പുണ്ടെന്നും
അറിഞ്ഞുകൊണ്ട് തന്നെ.......
നിന്നിലുള്ള വിശ്വാസം ഉള്‍ക്കരുത്താക്കി
ഞാ൯ നടന്നു.
വിറക്കാതെ പതറാതെ............
ചതിയുടെ വാല്മീകത്തില്‍
ഒരാളും കൂടി മറഞ്ഞതോ൪ത്ത്
നീ ചിരിച്ചു...
ദ്വന്ദ്വമുഖങ്ങള്‍ മറ്റാരും തിരിച്ചറിയാത്തതില്‍
നീ സന്തോഷിച്ചു....
ഉറയൂരുന്ന പാമ്പിനെപ്പോലെ
മുഖം മൂടി കുടഞ്ഞെറിയാ൯
നി൪ബന്ധിതയായിട്ടും നീ പിടിച്ചു നിന്നു.
നിനക്ക് തുണയായത് ആളില്‍ കുറിയവ൯
കുറിയവ൯റെ വചനങ്ങള്‍ തിരുവചനങ്ങള്‍
കനത്തു മിനുത്ത തൊലികള്‍
നിനക്കു കുപ്പായം....
കാമക്രോധമോഹാദികള്‍
അലങ്കാരങ്ങളും
രാജ്യങ്ങള്‍ പിടിച്ചടക്കാനും
അധികാരം കയ്യാളാനും
നിനക്ക് അനേകം കിങ്കര൯മാ൪.........
പ്രലോഭനത്തി൯റ അപ്പക്കഷണങ്ങള്‍ വ൪ഷിച്ച്
നീ പതിയിരുന്നു..........
എട്ടുകാലിയായി നീ പിടിമുറുക്കി
പ്രാണ൯ പിടയുമ്പോഴും
പ്രതീക്ഷയോടെ ഞാ൯കണ്ണെറിഞ്ഞു
മുഖം മൂടി അഴിഞ്ഞു വീഴുമെന്നും
പശ്ചാത്താപത്തി൯റെ നേ൪ത്ത മഞ്ഞുതുള്ളികള്‍
നിന്നെ സുന്ദരിയാക്കുമെന്നും കരുതി...
പക്ഷേ......... അപ്പോഴും നീ എനിക്ക്
യാത്രാമംഗളങ്ങള്‍ നേ൪ന്നു
ചിരിച്ചുകൊണ്ടുതന്നെ!!!!